ബെംഗളൂരു: ലോകസുന്ദരിപ്പട്ടത്തെ പോലും ശശി തരൂര്‍ എംപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി നേതാവ് എസ്. പ്രകാശ്. വിവാദ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും എസ് പ്രകാശ് പറഞ്ഞു. 

സ്വയം ബുദ്ധിജീവിയാണെന്ന് നടിക്കുന്ന ശശി തരൂര്‍ ലോകസുന്ദരിപ്പട്ടത്തെ പോലും രാഷ്ട്രീയവത്കരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് വേണ്ടത്, വിവാദ ട്വീറ്റ് പിന്‍വലിച്ച് ശശി തരൂര്‍ മാപ്പ് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലോകസുന്ദരിപ്പട്ടം നേടിയതിനു പിന്നാലെയാണ് മാനുഷി ഛില്ലാറിനെ ഉള്‍പ്പെടുത്തി പരിഹാസ രൂപേണെയുള്ള ട്വിറ്റര്‍ സന്ദേശവുമായി ശശി തരൂര്‍ എംപി രംഗത്തെത്തിയത്. നോട്ട് നിരോധിക്കാന്‍ മാത്രം എന്ത് തെറ്റാണ് നമ്മുടെ കറന്‍സിക്ക് ഉണ്ടായിരുന്നത്. ഇന്ത്യന്‍ രൂപയ്ക്ക് ആഗോള തലത്തില്‍ പ്രാധാന്യമുണ്ടെന്ന് ബിജെപി തിരിച്ചറിയണം. നമ്മുടെ ചില്ലറ പോലും ലോകസുന്ദരിയായിരിക്കുന്നുവെന്നാണ്  ട്വിറ്ററിലൂടെ ശശി തരൂര്‍ പ്രതികരിച്ചത്.

എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ശശി തരൂര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ആരേയും അധിക്ഷേപിക്കാന്‍ വേണ്ടിയല്ല തന്റെ പരാമര്‍ശമെന്നും വെറും തമാശയായി അതിനെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.