ന്യൂഡല്‍ഹി: ഐടി മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി തുടരും. തരൂരിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് തരൂരിനെ വീണ്ടും നിയമിച്ചത്. 

നിയമ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി തലവനായി ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ നിയമിച്ചു. ഭൂപേന്ദ്ര യാദവിന് പകരമാണ് മോദിയെ നിയമിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മ്മയും തുടരും. കോണ്‍ഗ്രസ് എംപി അഭിഷേക് സിങവി, തൃണമൂല്‍ എം.പി ഡെറിക് ഒബ്രെയിന്‍ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുണ്ട്. ജയറാം രമേശാണ് ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷന്‍

വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ 28 എംപിമാര്‍ പുറത്തായി. മോശം പ്രകടനവും ഹാജര്‍ കുറഞ്ഞതുമാണ് കാരണം. ഇതില്‍ 12 പേര്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ഒരു യോഗത്തില്‍ പോലും നേരിട്ട് പങ്കെടുത്തില്ല. 
കോവിഡ് നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പുകളുമാകാം കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.

24 സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് ആകെയുള്ളത്. ഒരോ കമ്മിറ്റിയിലും ലോക്സഭയില്‍ നിന്നുള്ള 20 പേരും രാജ്യസഭയില്‍ നിന്നുള്ള 11 പേരുമാണ് ഉള്‍പ്പെടുക.

Content Highlights: sashi tharoor to continue as chairman of parliamentary Committee on Information Technology