ന്യൂഡൽഹി: ട്രാക്ടര്‍ റാലിക്കിടെ സിഖ് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ അംഗം ശശി തരൂരും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെ ഉള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസ്സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരേയുള്ള കേസുകൾ ബാലിശമാണെന്ന് അവർ കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുള്ള കേസ്സുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയും സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസ് വിവിധ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്ക് ഇടയില്‍ വിദ്വേഷം പടര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പോലീസ് പിന്നീട് ദൃശ്യങ്ങള്‍ സഹിതം വിശദീകരിച്ചിരുന്നു. 

content highlights: Sashi Tharoor and Rajdeep Sardesai moves supreme court