കോഴിക്കോട് :  ശശി തരൂരിനെ 2019ലെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയിനെ തള്ളി ശശി തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

ശശി തരൂരിനെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമുന്നയിച്ച കൊണ്ട് തിരുവനന്തപുരത്ത നിന്നുള്ള പോള്‍ എന്നയാളാണ് change.org എന്ന ഓൺലൈൻ വെബ്സൈറ്റിൽ കാമ്പയിന് തുടക്കമിട്ടത്. ഇതിനോടകം 16000ത്തിലധികം പേര്‍ കാമ്പയിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് ആരംഭിച്ച കാമ്പയിനെ താന്‍ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്.

taroor fb post പെറ്റിഷനെ കുറിച്ച് താന്‍ ആദ്യം പ്രതികരിക്കില്ല എന്നാണ് തീരുമാനമെടുത്തിരുന്നതെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വിഷയം വാര്‍ത്താ പ്രാധാന്യം നേടിയത് പ്രതികരിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെന്നും എഴുതിക്കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്നെ വിശ്വാസ്യത്തിലെടുത്ത തിരുവനന്തപുരത്തകാരനായ പെറ്റീഷനറോടും അതിനെ പിന്തുണച്ച ജനങ്ങളോടും ശശി തരൂര്‍ നന്ദി പ്രകാശിപ്പിക്കുന്നുണ്ട്. അതേ സമയം രാഷ്ട്രീയത്തില്‍ ഇത്തരം കാമ്പയിനുകളെ താന്‍ പിന്തുണയ്കക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കമ്പയിനോടുള്ള തന്റെ  വിയോജിപ്പ് ശശി തരൂര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

'പാര്‍ട്ടിക്ക് അടിയുറച്ച നേതൃത്വമുണ്ട്. നിലവില്‍ അതില്‍ ഒരു സംവാദത്തിന്റെ ആവശ്യകതയില്ല. ആവശ്യം വന്നാല്‍ പാര്‍ട്ടി നടപടി ക്രമം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും' തരൂർ തുറന്നെഴുതുന്നു.

പെറ്റീഷന്‍ സമര്‍പ്പിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം തന്നെ അത് പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് കൊണ്ടാണ് തരൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.