നാഗര്‍കോവില്‍: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ ടി.ടി.വി.ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്‍ച്ച നടത്തിയ വാര്‍ത്ത തമിഴ്‌നാട്ടില്‍ രഷ്ട്രീയചര്‍ച്ചയാകുന്നു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെള്ളിയാഴ്ച ഇരുവരും ചര്‍ച്ച നടത്തിയ വാര്‍ത്തയും പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ഫോട്ടോയും ശനിയാഴ്ച തമിഴ് സായാഹ്നപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Saritha Nair eyes entry into politics
photo courtesy: malaimalar

ദിനകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം സരിത കൂടിക്കാഴ്ചയില്‍ അറിയിച്ചതായി പച്ചമാലു അറിയിച്ചു. ദിനകരനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി തരണമെന്നും സരിത പച്ചമാലുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

തക്കല പരിസരത്ത് പേപ്പര്‍ കപ്പ് നിര്‍മാണശാലയും വില്പനകേന്ദ്രവും തുറക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് സരിതാ നായര്‍ തക്കലയില്‍ വന്നിരുന്നു. പുതിയ തൊഴില്‍ മേഖലയ്ക്ക് തമിഴ്‌നാട്ടില്‍ ബന്ധം ഉറപ്പിക്കാന്‍ സരിത മുന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരിക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു.