ന്യൂഡല്‍ഹി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പട്ട ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് അദ്ദേഹത്തിന്റെ ഭാര്യ. താനെടുത്ത തീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ നീ വില നല്‍കുകയാണെന്ന് സഞ്ജീവ് ഭട്ട് കത്തില്‍ പറയുന്നു. ഭാര്യ ശ്വേതാ ഭട്ടിനെ അഭിസംബോധന ചെയ്യുന്ന കത്ത് ഇവര്‍ സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്. 

വൈകാരികമാണ് സഞ്ജീവിന്റെ കത്തിലെ വരികള്‍. തന്നെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം ഭാര്യയ്ക്കും കുടുംബത്തിനും നന്ദി പറയുന്നു. ഞാനിന്ന് ആരൊക്കെയാണോ അതിനൊക്കെയും കാരണമായിരിക്കുന്നത് നീയാണ്. എന്റെ ബലവും പ്രേരണയും നീതന്നെയാണ്- സഞ്ജീവ് ഭട്ട് കത്തില്‍ എഴുതുന്നു. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നിനക്കും കുട്ടികള്‍ക്കും കടുത്തതായിരുന്നു. ഞാനെടുത്ത തീരമാനത്തിന് വേണ്ടി അതിന് വേണ്ടിയാണ് നിങ്ങളെല്ലാവരും വിലനല്‍കേണ്ടി വന്നത് സഞ്ജീവ് ഭട്ട് പറയുന്നു.  കഴിഞ്ഞ വര്‍ഷം സഞ്ജീവ് ഭട്ടിന്റെ വീടിന്റെ ഒരുഭാഗം നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് മുന്‍സിപ്പാലിറ്റി പൊളിച്ചുകളഞ്ഞിരുന്നു. അത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നതില്‍ അദ്ദേഹം ഭാര്യയോട് മാപ്പ് ചോദിക്കുന്നുമുണ്ട്. 

ഈ പ്രതിസന്ധികളെയെല്ലാം അസാമാന്യമായ മനക്കരുത്തോടെ നീയൊറ്റക്കാണ് നേരിടുന്നത്. രാജ്യം മുഴുവന്‍ നിന്റെ കരുത്തും നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും അനീതിക്കെതിരായ പോരാട്ടവും കാണുന്നുണ്ട്- കത്തില്‍ സഞ്ജീവ് ഭട്ട് പറയുന്നു. ശ്വേതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുന്നതിന് മക്കളെയും അദ്ദേഹം അഭിനന്ദിക്കുന്നു. 

30 വര്‍ഷം മുമ്പ് 1989 ല്‍ നടന്ന കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് സഞ്ജീവ് ഭട്ട് ഇപ്പോള്‍ ജയിലിലാണ്. ഇതിന് പുറമെ പ്രതിയാക്കാന്‍ മനപ്പൂര്‍വം മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് ഒരാളെ കസ്റ്റഡിയിലെടുത്തുവെന്ന 1996ലെകേസും സഞ്ജീവ് ഭട്ടിനെതിരെ ചുമത്തിയിട്ടുണ്ട്.

Content Highlights: "You Have Paid Price For My Decision": Ex-Cop Sanjiv Bhatt To Family