ന്യൂഡല്‍ഹി: കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്നതും സഞ്ജീവ് ഭട്ടിന്റെ സ്ഥിരം സ്വഭാവമാണെന്നും ഗുജറാത്ത് ഹൈകോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ സി റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.

1990 ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എ.എസ്.പിയായിരുന്ന കാലത്ത് വര്‍ഗീയ സംഘര്‍ഷം തടയാന്‍ 150 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്ണാനി എന്ന വ്യക്തി കസ്റ്റഡിയില്‍ നിന്നുവിട്ട് 10 ദിവസത്തിനകം മരിച്ചു. സഞ്ജീവ് ഭട്ടും ആറു പോലീസ് ഉദ്യോഗസ്ഥരും നടത്തിയ കസ്റ്റഡി പീഡനം മൂലമാണ് പ്രഭുദാസ് വൈഷ്ണാനി മരിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു കേസ്. സഞ്ജീവ് ഭട്ടിന് പുറമെ മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കും ജാംനഗര്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. സഞ്ജീവ് ഭട്ടിന് വിചാരണക്കോടതി നല്‍കിയ ശിക്ഷയില്‍ പ്രഥമദൃഷ്ട്യാ തൃപ്തരാണെന്നും ഗുജറാത്ത് ഹൈകോടതി വ്യക്തമാക്കി.

വിചാരണ കോടതി നടത്തിയ വിചാരണ ചട്ടങ്ങള്‍ പാലിക്കാതെ ആയിരുന്നുവെന്ന് സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ പ്രോസിക്യുഷന്‍ അനുമതി ഇല്ലാതെ ആയിരുന്നു വിചാരണ നടത്തിയത്. നിഷ്പക്ഷരായ സാക്ഷികളെ പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയില്ല എന്നും ഭട്ടിന്റെ അഭിഭാഷകന്‍ ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കേസില്‍ വിസ്തരിക്കാന്‍ അനുവദിക്കണം എന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

നരേന്ദ്രമോദിക്കെതിരെ ഗുജറാത്ത് കലാപക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. മോദിക്കെതിരെ സുപ്രീം കോടതിയില്‍ സഞ്ജീവ് ഭട്ട് സത്യവാങ് മൂലം നല്‍കിയിരുന്നു. അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ 2011 ല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്തു.

Content Highlights: Sanjiv Bhatt does not respect courts - Gujarat High Court