മുംബൈ: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് രവി ശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള  മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായതില്‍ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ നടപടികളേയും കുറിച്ച് വീമ്പ് പറച്ചില്‍ നടത്തിയിരുന്ന രവിശങ്കര്‍ പ്രസാദിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലായിരുന്നു റാവത്തിന്റെ കടുത്ത പരിഹാസം. 

'പ്രധാനമന്ത്രിയുടെ എല്ലാ പ്രവൃത്തികളേയും 'അറ്റകൈ പ്രയോഗ'മെന്നാണ് രവി ശങ്കര്‍ പ്രസാദ് പ്രശംസിച്ചിരുന്നത്. ആ 'അറ്റകൈ പ്രയോഗം' തന്നെ രവി ശങ്കര്‍ പ്രസാദിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്, റാവത്ത് പരിഹസിച്ചു. പ്രകാശ് ജാവഡേക്കര്‍, തവര്‍ചന്ദ് ഗെഹ് ലോത് എന്നിവര്‍ പുറത്തായതിനെ കുറിച്ചും റാവത്ത് പരാമര്‍ശം നടത്തി. 'യോഗ്യത'യുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഉറപ്പാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. 

ശിവസേനയില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയിലെത്തിയ നേതാക്കളെ മന്ത്രിമാരാക്കിയതിലും ബിജെപിയ്ക്ക് റാവത്ത് പരിഹാസരൂപേണ നന്ദിയറിയിച്ചു. ശിവസേനയില്‍ നിന്നെത്തിയ നേതാക്കളുടെ മികവ് മനസിലാക്കി ബിജെപി അവര്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയതില്‍ നന്ദിയുണ്ടെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കള്‍ക്ക് രാജ്യത്തിന് വേണ്ടിയും മഹാരാഷ്ട്രയ്ക്ക് വേണ്ടിയും മികച്ച സംഭാവന നല്‍കാനാവുമെന്നും റാവത്ത് പറഞ്ഞു. 

ശിവസേനയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷം ബിജെപിയിലെത്തിയ നാരായണ്‍ റാനെയുടെ മന്ത്രിസ്ഥാനത്തെ കുറിച്ചും റാവത്ത് പരാമര്‍ശിച്ചു. മറ്റ് രാഷ്ട്രീയകക്ഷികളെ കുറ്റപ്പെടുത്താനുള്ളതല്ല മറിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണ് മന്ത്രിസ്ഥാനം. ശിവസേനയുടെ കടുത്ത വിമര്‍ശകനാണ് റാണെ. മന്ത്രിസഭയിലെ പുതുമുഖമായ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മാന്‍സുഖ് മാണ്ഡവ്യയെ റാവത്ത് സ്വാഗതം ചെയ്യുകയും ചെയ്തു.

Content Highlights: Sanjay Raut's "Masterstroke" Jibe At Ravi Shankar Prasad's Cabinet Exit