ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചുവെന്ന് ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സഞ്ജയ് റാവത്ത് പറഞ്ഞു. 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് ഇതാ. ഞങ്ങള്‍ ഉടന്‍ കൊല്‍ക്കത്തയിലെത്തും. - എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലാതിരുന്ന മമതക്കും തൃണമൂലിനും ഇത്തവണ മുഖ്യ എതിരാളികള്‍ ബിജെപിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ബിജെപി തൃണമൂലിന്റെ നിരവധി എംഎല്‍എമാരേയും കൗണ്‍സിലര്‍മാരേയും പാര്‍ട്ടിയിലെത്തിച്ചാണ് പോരാട്ടത്തിനൊരുങ്ങുന്നത്. 

പ്രധാന പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെങ്കിലും ബിജെപി വോട്ട് ബാങ്കിലേക്ക് കണ്ണുവെച്ചാണ് ശിവസേനയുടെ ബംഗാള്‍ പ്രവേശനം. എന്നാല്‍ സമീപ സംസ്ഥാനമായ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. ശിവസേന 22 സ്ഥാനാര്‍ത്ഥികളെ ബീഹാറില്‍ നിര്‍ത്തിയിരുന്നെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല.

Content Highlights: Sanjay Raut Confirms Shiv Sena Joining Fight For West Bengal