ചെന്നൈ: കുപ്പത്തൊട്ടിയില്‍ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വര്‍ണനാണയം തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളി. തമിഴ്‌നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വില വരുന്ന സ്വര്‍ണനാണയമാണ് തൊഴിലാളി തിരികെ നല്‍കിയത്. മേരി എന്ന തൊഴിലാളിയാണ് തനിക്ക് കിട്ടിയ ലക്ഷങ്ങളുടെ വിലമതിക്കുന്ന വസ്തു തിരികെ നല്‍കിയത്. 

കൊറിയര്‍ കമ്പനി ജീവനക്കാരനായ ഗണേഷ് രാമന്‍ എന്നയാളുടെ സ്വര്‍ണനാണയമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണനാണയം ഒരു പെട്ടിയില്‍ ഇട്ടുവെച്ച ശേഷം തന്റെ കിടക്കയുടെ അടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് കാണാതയെന്ന് ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും അവശിഷ്ടങ്ങള്‍ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിയിച്ചത്. 

ഉടനെ ഗണേഷ് പോലീസില്‍ പരാതിയും നല്‍കി. സമീപത്തെ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു.

ചപ്പ് ചവറുകള്‍ വേര്‍തിരിക്കുന്നതിനിടെ തനിക്ക് ലഭിച്ച സ്വര്‍ണനാണയം മേരി തന്റെ മാനേജര്‍ വഴി അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് മേരി തിരിച്ചേല്‍പ്പിച്ച സ്വര്‍ണ നാണയം ഗണേഷിന്റെ കുടുംബത്തിന് കൈമാറി. മേരിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

Content Highlights: Sanitary worker returned gold coin worth 7 lakhs