ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷന്റെ അകത്തും പുറത്തും സാനിറ്ററി നാപ്കിനുകളും കോണ്ടവും ലഭ്യമാക്കുന്ന പുതിയ ശൗചാലയ നയത്തിന് റെയില്‍വേ അനുമതി നല്‍കി. യാത്രക്കാര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

റെയില്‍വേ സ്റ്റേഷനുകളിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉറപ്പാക്കും. ഇതില്‍ സ്ത്രീകളുടെ ശൗചാലയങ്ങളിൽ സാനിറ്ററി നാപ്കിനുകളും പുരുഷന്മാരുടേതില്‍ കോണ്ടവും സംഭരിക്കും. തുച്ഛമായ തുകയ്ക്കാണ് ഇത് ലഭ്യമാക്കുക.

യാത്രക്കാരായി എത്തുന്നവര്‍ക്കും സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നതിനായി സ്‌റ്റേഷന്റെ അകത്തും പുറത്തും ടോയിലറ്റുകള്‍ സ്ഥാപിക്കാനാണ് റെയില്‍ മന്ത്രാലയത്തിന്റെ പദ്ധതി. ഈ ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാനാകുമെന്നാണ് സൂചന.

കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് രാജ്യത്തെ 8500 റെയില്‍വേ സ്‌റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കുന്നത്. ഇവ വൃത്തിയാക്കുന്നതിനായി പരസ്യത്തിലൂടെ വരുമാനം കണ്ടെത്താനുമാണ് റെയില്‍വേ ഉദ്ദേക്കുന്നത്.