പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലടക്കം ചർച്ചയാകുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. ബുധനാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ മോദിയെ സന്ദർശിക്കാൻ ഇന്ത്യൻ അമേരിക്കക്കാരുടെ വലിയൊരു സംഘം തന്നെ ഉണ്ടായിരുന്നു. 

ക്വാഡ് ഉച്ചകോടി, ബൈഡനുമായുള്ള കൂടിക്കാഴ്ച, ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയിലെ അഭിസംബോധന തുടങ്ങിയവയാണ് പ്രധാനമായും മോദിയുടെ യുഎസ് സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മോദി - ബൈഡൻ കൂടിക്കാഴ്ചയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 

ഇന്തോ - പസഫിക് മേഖലയുമായി ബന്ധപ്പെട്ട സഖ്യ രൂപീകരണത്തിന് പിന്നാലെയാണ് മോദി -  ബൈഡൻ കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്. ഔകസ് സഖ്യത്തിൽ ഇന്ത്യ ഉൾപ്പെടുമോ എന്ന തരത്തിലുള്ള ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. എന്നാൽ ഔകസ് സഖ്യത്തിലെ ഓസ്ട്രേലിയയുമായി ഇടഞ്ഞു നിൽക്കുന്ന ഫ്രാൻസ് ഇന്ത്യയുമായി മറ്റൊരു സഖ്യ രൂപീകരണത്തിനാണ് ഒരുങ്ങുന്നത്. 

യുഎസ് സന്ദർശനത്തിന് മുമ്പ് തന്നെ മോദിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫോൺ വഴി സംഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

പാക് വ്യോമപാതവഴി അമേരിക്കയിലേക്ക്

പാക് വ്യോമപാതവഴിയായിരുന്നു മോദിയുടെ അമേരിക്കൻ യാത്ര. സുരക്ഷാ കാരണങ്ങളാൽ അഫ്ഗാൻ വ്യോമപാത ഒഴിവാക്കി പാക് വ്യോമപാതയിലൂടെ അമേരിക്കയിലേക്ക് പോകാൻ പാകിസ്താന്റെ അനുമതി തേടുകയായിരുന്നു. തുടർന്ന് പാകിസ്താൻ വ്യോമപാത തുറന്നു നൽകുകയായിരുന്നു. 

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ മോദിയുടേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേയും വിദേശ യാത്രകൾക്ക് വ്യോമപാത ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. 

വാഷിങ്ടണിൽ ബൈഡനുമായും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ) നേരിട്ടുള്ള ആദ്യ യോഗം ചേരുക. 

സോഷ്യൽ മീഡിയ കാത്തിരിക്കുന്ന 'സമൂസ പേ ചർച്ച'; കാത്തിരിക്കുന്ന കൂടിക്കാഴ്ച

സോഷ്യൽ മീഡിയ കാത്തിരിക്കുന്ന ചർച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിലുള്ള കൂടിക്കാഴ്ച. നേരത്തെ കോവിഡ് സമയത്ത് ഇരുവരും തമ്മിലുള്ള ട്വിറ്റർ സന്ദേശങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 

വീട്ടിൽ ഉണ്ടാക്കിയ സമൂസയുടെ ചിത്രം സ്കോട്ട് മോറിസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. സ്കോമൂസ എന്നായിരുന്നു മോറിസൺ സമൂസയ്ക്ക് നൽകിയ പേര്. സമൂസയും മാങ്ങ ചട്ണിയും മോദിയുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മോറിസൺന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി മോദി റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

ഇന്ത്യൻ മഹാസമുദ്രം യോജിച്ചിരിക്കുന്നു, സമൂസ ഒരുമിപ്പിച്ചിരിക്കുന്നു എന്നായിരുന്നു മോദിയുടെ റീ ട്വീറ്റ്. കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചാൽ ഒന്നിച്ചിരുന്നു സമൂസ ആസ്വദിക്കാം എന്നായിരുന്നു മോദി ട്വീറ്റിൽ വ്യക്തമാക്കിയത്. ട്വിറ്റർ സൗഹൃദത്തിന് ശേഷം മോദി - മോറിസൺ കൂടിക്കാഴ്ച എന്നതാണ് ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. സമൂസ പേ ചർചയാണോ എന്ന് നടക്കാൻ പോകുന്നത് എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. 

വൈറലായ മോദിയുടെ യാത്രാ ചിത്രം

അമേരിക്കൻ യാത്രയിൽ മോദി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. പലരും ട്രോളുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ നിഗൂഢതകളുടെ പിന്നാലെ പോകാനും നെറ്റിസൺസ് മറന്നില്ല. 

ദീര്‍ഘദൂരയാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരംകൂടിയാണെന്ന അടിക്കുറിപ്പോടെയാണ്  മോദി ചിത്രം പങ്കുവെച്ചത്. എന്നാൽ പേപ്പറുകളിൽ നിന്ന് മുഖത്തേക്ക് അടിക്കുന്ന വെളിച്ചമാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ചർച്ചാ വിഷയം. മാത്രമല്ല തൊട്ടടുത്തുള്ള യാത്രാ ബാഗ് പൂട്ടിയിരിക്കുന്ന പൂട്ടും ഇപ്പോൾ ചർച്ചാ വിഷയമാണ്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മോദിയെ പുകഴ്ത്തി രംഗത്തെത്തിയപ്പോൾ ട്രോളുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മൻമോഹൻ സിങ് വിമാനത്തിനുള്ളിൽ വാർത്താ സമ്മേളനം വരെ വിളിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. 

കോർപ്പറേറ്റുകളെ ഇന്ത്യയിലെത്തിക്കാൻ

അതേസമയം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

ക്വാല്‍കോം, ബ്ലാക്ക് സ്‌റ്റോണ്‍, അഡോബ്, ജനറല്‍ അറ്റോമിക്‌സ്, ഫസ്റ്റ് സോളാര്‍ തുടങ്ങിയവയുടെ സി.ഇ.ഒകള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് മോദി-ബൈഡന്‍ കൂടിക്കാഴ്ച.