മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയും നടന്‍ ഷാരൂഖ് ഖാനും തമ്മില്‍ ഉരസുന്നത് ഇതാദ്യമായല്ല. പത്തുകൊല്ലം മുന്‍പ് ഷാരൂഖ് ഖാനും കുടുബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാംഖഡെ അവരെ മുംബൈ വിമാനത്തില്‍ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച സംഭവവും ഉണ്ടായി

2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്‌ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖഡെ ഷാരൂഖ് ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാംഖഡെ. 

ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും എത്തിയത്. ഷാരൂഖിനെ വാംഖഡെയും സംഘവും നിരവധി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാന്‍ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വിമാനത്താവളത്തിലെ ചുമതല വഹിക്കവേ നടിമാരായ അനുഷ്‌ക ശര്‍മ, മിനിഷ ലാംബ, ഗായകന്‍ മിക സിങ് തുടങ്ങിയവരെയും വാംഖഡെ തടഞ്ഞിട്ടുണ്ട്. 2011 ജൂലൈ മാസത്തിലാണ് ടൊറന്റോയില്‍നിന്ന് മുംബൈയിലെത്തിയ അനുഷ്‌കയെ വാംഖഡെ തടഞ്ഞത്. കണക്കില്‍പ്പെടാത്ത നാല്‍പ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് അനുഷ്‌കയെ തടഞ്ഞത്. 2013-ലാണ് മികാ സിങ്ങിനെ വിമാനത്താവളത്തില്‍ തടയുന്നത്. ഫെമ(ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറന്‍സി കൊണ്ടുവന്നതിനായിരുന്നു ഇത്. 

content highlights: sameer wankhede stopped shah rukh khan in 2011