മുംബൈ: എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡയെ എന്‍സിബി വിജിലന്‍സ് സംഘം ചോദ്യംചെയ്യുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ആരോപണത്തിലെ സത്യാവസ്ഥ തെളിയിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു. 

ഇവര്‍ക്കിടയില്‍ 18 കോടി രൂപയുടെ ഇടപാട് നടന്നത് സംബന്ധിച്ച് തനിക്കറിയാമെന്നുള്ള സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമീറിനെതിരെ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍.

Content Highlights: Sameer wankhade being questioned by top ncb officials