ലക്‌നൗ: മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് ഔദ്യോഗികമായി. സമാജ് വാദി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

സമാജ് വാദി സെക്കുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് മുലായം സിങ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുമെന്ന് ശിവപാല്‍ യാദവ് അറിയിച്ചു.

ജനുവരിയിലാണ് മുലായത്തെ ഒഴിവാക്കി അഖിലേഷ് സമാജ് വാദി പാര്‍ട്ടി ദേശീയാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

അഖിലേഷിനെ പിന്തുണയ്ക്കുന്ന നേതാക്കളെ മുലായവും മുലായത്തിനെ പിന്തുണയ്ക്കുന്ന മന്ത്രിമാരെ അഖിലേഷും പുറത്താക്കാന്‍ തുടങ്ങിയതോടെയാണ് സമാജ് വാദി പാര്‍ട്ടിയില്‍ അധികാര തര്‍ക്കം തുടങ്ങിയത്. മുലായവും അഖിലേഷും തമ്മില്‍ നടക്കുന്ന തര്‍ക്കം മറനീക്കി പുറത്തുവന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പലതവണ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിട്ടും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു പാര്‍ട്ടി. ഒടുവില്‍ തിരഞ്ഞെടുപ്പ് പരാജയം പിളര്‍പ്പ് പൂര്‍ണമാക്കി.