സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് | ഫോട്ടോ:പി.ടി.ഐ
ലഖ്നൗ: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്.പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. എസ്പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം.
'ബിഹാറില്‍ സമാജ് വാദി പാര്‍ട്ടി ഒരു സഖ്യത്തിലും ഏര്‍പ്പെടില്ല. ആര്‍ജെഡി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും' പ്രസ്താവനയില്‍ അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എസ്പി മത്സര രംഗത്ത് നിന്ന് പിന്മാറിയതിന് രണ്ടു കാരണങ്ങളാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഒന്ന് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. രണ്ടാമതായി ബിഹാറില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ല. അതിനാല്‍ തന്നെ ഊര്‍ജ്ജം പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം.
അതേ സമയം ആര്‍ജെഡിയെ പിന്തുണയ്ക്കുകയും ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടതെല്ലാം നടത്തുമെന്നും ഒരു മുതിര്‍ന്ന എസ്പി നേതാവ് അറിയിച്ചു.
സീറ്റ് വിഹിതം കുറഞ്ഞതിന്റെ പേരില്‍ 2015-ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേരാന്‍ എസ്പി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എന്‍സിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും രണ്ടു പാര്‍ട്ടികള്‍ക്കും ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..