ലഖ്നൗ: ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി പരിഹസിച്ച് സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ ജി.എസ്.ടി. വലിയ കച്ചവടക്കാര്‍ക്കു മാത്രമേ ഉപയോഗപ്രദമാകൂവെന്നും ഇതു മൂലം സാധാരണക്കാരനുണ്ടാകുന്ന പ്രശ്നം ബിജെപി 'മന്ത്രം' ചൊല്ലി പരിഹരിക്കും എന്നുമായിരുന്നു അഖിലേഷിന്റെ പരിഹാസം. 

ബിജെപിയുടെ യഥാര്‍ത്ഥമുഖം വെളിവാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടത്തിയ നോട്ട് അസാധുവാക്കലും ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ജി.എസ്.ടിയും സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ് ചെയ്തത്. 

ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ബിജെപി എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ എടുക്കുമെന്ന് തോന്നുന്നില്ല. പകരം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതാക്കള്‍ കൂടിയിരുന്ന് 'മന്ത്രങ്ങള്‍' ചൊല്ലുകയാവും ചെയ്യുക- അഖിലേഷ് കുറ്റപ്പെടുത്തി. 

രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി നുണകള്‍ പറഞ്ഞു പരത്തുകയാണ് ബിജെപി. ഇതിനെതിരെയാണ് സമാജ് വാദി പാര്‍ട്ടി പൊരുതുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് തന്റെയും  പാര്‍ട്ടിയുടെയും ലക്ഷ്യമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ വര്‍ഛിച്ചു വരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തിയ അഖിലേഷ് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊള്ളക്കാരെയും ഭൂമാഫിയകളെയും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 

സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യാനും അഖിലേഷ് മറന്നില്ല.