സുപ്രീം കോടതി | ഫോട്ടോ:പി.ടി.ഐ.
ന്യൂഡല്‍ഹി: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേരള സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്
ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി പ്രഖ്യാപിക്കാതിനാല് അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി വാദിച്ചു. പണിമുടക്കില്‍ പങ്കെടുത്തുള്ളവര്ക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട്. ഓഫീസില്‍ ഹാജരാകാത്ത എല്ലാവരും പൊതു പണിമുടക്കിനോട് യോജിപ്പുള്ളവര്‍ ആയിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാലും ചിലര്‍ക്ക് ഓഫീസില്‍ എത്താനായില്ല. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതേതുടര്‍ന്നാണ് കേസിലെ എതിര്‍കക്ഷികളായ പോലീസ് ഫിംഗര്‍പ്രിന്റ് ബ്യൂറോ റിട്ട.ഡയറക്ടര്‍ ജി.ബാലഗോപാലന്, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവും ആണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..