അമരാവതി: ആന്ധ്രാപ്രദേശില്‍ ആശാവര്‍ക്കര്‍മാരുടെ മാസശമ്പളം 3000 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കുയര്‍ത്തി. സംസ്ഥാനത്തെ ആശാവര്‍ക്കര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയിലധികമായി ഉയര്‍ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. തിങ്കളാഴ്ച നടന്ന മെഡിക്കല്‍-ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തിന് ശേഷമാണ് നിര്‍ണായക തീരുമാനമുണ്ടായത്. 

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആംബുലന്‍സ് സര്‍വീസുകള്‍ നവീകരിക്കാനും ഇരുപത്തിനാല് മണിക്കൂര്‍ സേവനം ഉറപ്പുവരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. ആരോഗ്യശ്രീ എന്ന സര്‍ക്കാരിന്റെ ആരോഗ്യക്ഷേമപദ്ധതിയുടെ പേര് വൈഎസ്ആര്‍ ആരോഗ്യശ്രീ എന്ന് പുനര്‍നാമകരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

ഏറ്റവും മുന്‍ഗണന ആവശ്യമുള്ള വകുപ്പാണ് ആരോഗ്യവകുപ്പെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളൊരുക്കി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യആശുപത്രികളേക്കാള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 175 അസംബ്ലി സീറ്റുകളില്‍ 151 സീറ്റുകള്‍ നേടിയാണ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ മന്ത്രിസഭ അധികാരത്തിലേറിയത്. 

 

Content Highlights: Salary of Ashaworkers hiked to Rs.10,000 in AndhraPradesh