സുപ്രീം കോടതി | ഉണ്ണികൃഷ്ണൻ പി.ജി
ന്യൂഡല്‍ഹി: രാജ്യത്തെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ധനവിന് സുപ്രീംകോടതി ഉത്തരവ്. രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉള്ള വര്‍ധനവിനാണ് നിര്‍ദേശം. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് നല്കാന് ആണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശം.
2016 മുതല്‍ ഉള്ള കുടിശിക തുക മൂന്ന് തവണകളായി നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കുടിശ്ശികയുടെ ഇരുപത്തി അഞ്ച് ശതമാനം ആദ്യ ഗഡുവായി നല്‍കണം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇരുപത്തി അഞ്ച് ശതമാനം രണ്ടാം ഗഡുവായി നല്‍കണം. ബാക്കി അമ്പത് ശതമാനം 2023 ജൂണ്‍ മുപ്പത്തിനകം കൊടുത്ത് തീര്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് മാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് രാജ്യത്തെ 25000 ത്തോളം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഗുണകരമാകുന്ന വിധി പ്രസ്താവിച്ചത്. ചില സംസ്ഥാനങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലും, കേന്ദ്ര സര്‍ക്കാര്‍ പത്ത് വര്‍ഷത്തില്‍ ഒരിക്കലും ശമ്പളം വര്‍ധിപ്പിക്കാന്‍ കമ്മീഷന് രൂപീകരിക്കാറുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശമ്പള കമ്മീഷന്റെ പരിധിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ധനവ് ഉടന്‍ നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കോടതികളിലെ ശിരസ്തദാറിന്റെ ശമ്പള സ്കെയിലിനേക്കാളും കുറവാണെന്ന് ആരോപിച്ച് കേരളത്തിലെ ജഡ്ജിമാരുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരള ജുഡീഷ്യല്‍ ഓഫീസര്‍സ് അസോസിയേഷന് ആണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. 2016 ന് ശേഷം സംസ്ഥാനം നടപ്പിലാക്കിയ ശമ്പള പരിഷ്കരണങ്ങളെ തുടര്‍ന്ന് ജഡ്ജിമാരുടെ ശമ്പളം ശിരസ്തദാറിന്റെ ശമ്പള സ്കെയിലിനേക്കാളും കുറവാണെന്ന് അസോസിയേഷന് സുപ്രീം കോടതിയില്‍ നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ഉള്‍പ്പടെയുള്ള വിവിധ അപേക്ഷകളും, ഹര്‍ജികളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..