ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങി. ഡല്‍ഹിയിലെ കോടതിയിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. തുടര്‍ന്ന് പോലീസ് സജ്ജന്‍കുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി. 

സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയാണെന്ന് കണ്ടെത്തിയ സജ്ജന്‍കുമാറിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഡിസംബര്‍ 17ന് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 3000 ഓളം പേരാണ് കൊല്ലപ്പെട്ടത്.  കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം സജ്ജന്‍കുമാര്‍ രാജി വെച്ചിരുന്നു. 

കീഴടങ്ങുന്നതിന് മുന്‍പായി കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായി ഒരുമാസം സമയം സജ്ജന്‍ കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

content highlights: Sajjan Kumar Surrenders In Court, 1984 Anti-Sikh Riots