ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ജില്ലാ പരിഷത്ത്‌ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച്‌ ബാഡ്മിന്റന്‍ താരം സൈന നേവാള്‍. ട്വിറ്ററിലൂടെയാണ് സൈന അനുമോദനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ സൈന നേവാള്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

യുപി ജില്ലാ പരിഷത്ത്‌ അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതില്‍ എന്റെ ഹൃദയംഗമമായ അനുമോദനങ്ങള്‍, യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് സൈന ട്വീറ്റ് ചെയ്തു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായാണ് സൈനയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചത്. രാഷ്ട്രീയ ലോക് ദള്‍ പ്രസിഡന്റ് ജയന്ത് ചൗധരി 'സര്‍ക്കാരി ഷട്ട്‌ലര്‍' എന്ന് സൈനയെ വിശേഷിപ്പിച്ചു. ''തിരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ സാമര്‍ഥ്യം സര്‍ക്കാരിന്റെ ഷട്ടില്‍ കളിക്കാരി ശരിവെച്ചിരിക്കുന്നു. തങ്ങളുടെ തീരുമാനങ്ങളില്‍ ഇടപെടുന്ന പ്രശസ്തര്‍ക്ക് മികച്ച ഡ്രോപ് ഷോട്ടുകള്‍ കൊണ്ട് വോട്ടര്‍മാര്‍ മറുപടി നല്‍കണമെന്നാണ് എന്റെ അഭിപ്രായം'', ജയന്ത് ട്വീറ്റ് ചെയ്തു. 

 

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കിയ മട്ടിലാണ് തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം ബിജെപി വിലയിരുത്തുന്നത്. 75 അധ്യക്ഷ സ്ഥാനങ്ങളില്‍ 67 സീറ്റുകള്‍ ബിജെപി നേടി. സമാജ് വാദി പാര്‍ട്ടിയ്ക്ക് അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. രാഷ്ട്രീയ ലോക് ദള്‍, ജന്‍സത്ത ദള്‍, ഒരു സ്വതന്ത്രന്‍ എന്നിവര്‍ ഓരോ സീറ്റ് നേടി. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടിയ എസ്.പിക്കാണ് വലിയ തിരിച്ചടി നേരിട്ടത്‌

Content Highlights: Saina Nehwal On BJP's Big Show In UP Local Body Polls