ന്യൂഡല്‍ഹി: സ്വേച്ഛാധിപത്യഭരണാധികാരികളായിരുന്ന സദ്ദാം ഹുസൈനും ഗദ്ദാഫിയുമൊക്കെ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇറാഖിലും ലിബിയയിലും തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നെങ്കിലും ഭൂരിപക്ഷാഭിപ്രായത്തെ സംരക്ഷിക്കാനുള്ള അടിസ്ഥാന സംവിധാനം നിലവിലുണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ മൂല്യച്യുതി സംഭവിക്കുന്നതായുള്ള ചില അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍. 

തിരഞ്ഞെടുപ്പ് എന്നത് ജനങ്ങള്‍ വോട്ടിങ് യന്ത്രത്തിലെ ബട്ടണമര്‍ത്തുന്ന നിസാരമായ ഒരു പ്രക്രിയ മാത്രമല്ല, അതിന് ആഖ്യാനപരതയുണ്ട്. രാജ്യത്തിന്റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനത്തെ സഹായിക്കുന്ന സ്ഥാപനങ്ങളും മികച്ച രീതിയിലുള്ള നീതിന്യായവ്യവസ്ഥയും പാര്‍ലമെന്റില്‍ ആരോഗ്യപരമായ വാദപ്രതിവാദങ്ങളും ഉള്‍പ്പെടുന്ന ഒരു അടിസ്ഥാനഘടനയാണ് തിരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യയിലിപ്പോള്‍ അത്തരമൊരു സംവിധാനമുണ്ടോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ അസുതോഷ് വര്‍ഷിണിയും വിദ്യാര്‍ഥികളുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായപ്രകടനം.

2014 ല്‍ മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യസ്വാതന്ത്ര്യം കുറഞ്ഞതായും സമ്മതിദാനാവകാശം നിലവിലുള്ള ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നുമുള്ള സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ പ്രസ്താവിച്ചിരുന്നു. അതിന് ദിവസങ്ങള്‍ പിന്നാലെയാണ് ചൊവ്വാഴ്ച അദ്ദേഹം വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയില്‍ സ്ഥിതി മോശമാണെന്നും അതിന് പ്രത്യേകിച്ച് മുദ്രണത്തിന്റെ ആവശ്യമില്ലെന്നും രാഹുല്‍ പ്രതികരിച്ചു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യേക ആശയ സംഹിത സംരക്ഷിക്കാനാണ് താന്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. പാര്‍ട്ടിയിലെ പല നേതാക്കളേയും താന്‍ പ്രോത്സാഹിപ്പിച്ചതായും കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെ അനുകൂലിക്കുന്നതായും രാഹുല്‍ പറഞ്ഞു. തന്റെ പേരെന്താണെന്നോ തന്റെ മുത്തച്ഛനാരാണെന്നോ ഉള്ള കാര്യം തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റിനുള്ളില്‍ ഒരിക്കല്‍ തന്റെ മൈക്ക് ഓഫ് ചെയ്യപ്പെട്ടതായും സഭയ്ക്കുള്ളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തങ്ങള്‍ ഒരുക്കമല്ലെന്നും എന്തൊക്കെയാണ് സംസാരിക്കേണ്ടതെന്ന് തങ്ങളോട് പറഞ്ഞിട്ടുള്ളതായും ബിജെപി എംപിമാര്‍ തന്നോട് അറിയിച്ചതായും രാഹുല്‍ സംവാദത്തിനിടെ പറഞ്ഞു. ചൈനയുടെ ഉയര്‍ച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെ നേരിയതോതില്‍ ബാധിക്കുന്നുണ്ടെന്നും അമേരിക്കയെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും ചൈനയേയും യുഎസിനേയും കുറിച്ചുള്ള ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചു.

 

Content Highlights: Saddam Hussein, Gaddafi Used To Win Elections Too, Says Rahul Gandhi