Photo: PTI
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഇന്ത്യക്കാരുടെ വേദന കാണുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി യാഥാര്‍ഥ്യങ്ങളെ പിന്തള്ളി മൂഢലോകത്ത് കഴിയുന്നത് ഏറെ ദുഃഖമുളവാക്കുന്ന കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു തരൂര്‍.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്(GoM)യോഗത്തിലാണ് ഒരാഴ്ചക്കിടെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയത്. കൂടാതെ 18 ജില്ലകളില്‍ 14 ദിവസമായി പുതിയ രോഗികളില്ലെന്നും 54 ജില്ലകളില്‍ 21 ദിവസമായി പുതിയ കേസുകളില്ലെന്നും 32 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസത്തില്‍ ഒരു പുതിയ രോഗി പോലുമില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
ഈ വിവരങ്ങള്‍ സൂചിപ്പിച്ച ട്വീറ്റുള്‍പ്പെടെ ഹര്‍ഷ് വര്‍ധനെ ടാഗ് ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്. 'രാജ്യം ശ്വാസത്തിനു വേണ്ടി പിടയുമ്പോഴും ഇന്ത്യക്കാരുടെ വേദന ലോകം കാണുമ്പോഴും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മറ്റേതോ ലോകത്താണെന്നത് സങ്കടകരമാണ്. വ്യാജമരുന്നുകള്‍ പ്രചരിപ്പിക്കുന്ന, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതികളെ അംഗീകരിക്കുന്ന എസ്.എം.എസുകളെ ഡോ. ഫൗചി ആഘോഷിക്കുന്നത് സങ്കല്‍പ്പിക്കാനാവുമോ? ഒരാളും നമ്മുടെ കണക്കുകളെ വിശ്വസിക്കില്ല.'
പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്നായ കോറോനിലിന് ഹര്‍ഷ് വര്‍ധന്‍ നല്‍കിയ പ്രചാരണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ആ ചോദ്യം. കോവിനിലൂടെ(Co-WIN)മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളില്‍ 80 ലക്ഷം പേര്‍ വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തതായും 1.45 കോടി എസ്.എം.എസ്. വിജയകരമായി അയച്ചതായും ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. എസ്.എം.എസ്. വിജയകരമായി അയക്കുന്നത് കോവിഡ് പ്രതിരോധത്തിന്റെ വിജയമായി കണക്കാക്കാനാവുമോ എന്നും തരൂര്‍ ചോദിച്ചു.
കോറോനില്‍ ഗുളികകള്‍ക്ക് ഹര്‍ഷ് വര്‍ധന്‍ നല്‍കിയ പ്രചാരണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ട മാധ്യമവാര്‍ത്ത ടാഗ് ചെയ്ത് ആ വിശദീകരണത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് തരൂര്‍ പരിഹസിക്കുകയും ചെയ്തു.
വാക്സിന്‍ വിതരണത്തിന്റെ ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടി വെച്ച് കേന്ദ്രം ബജറ്റിലനുവദിച്ച 35,000 കോടി രൂപ ചെലവഴിക്കാതെ ആ പണത്തിന് മുകളില്‍ അടയിരിക്കുകയാണോയെന്നും തരൂര്‍ ആരോപിച്ചു. ജി.എസ്.ടി., ഇന്ധനനികുതി എന്നിവയിലൂടെ കേന്ദ്രത്തിന് നല്ല വരുമാനം ലഭിക്കുന്നതായും ആ പണമുപയോഗിച്ച് കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണമെന്നും ശശിതരൂര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ പൗരര്‍ക്കും 2022-ഓടെ ഭവനം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്‍പ്രസ്താവന ഉള്‍ക്കൊള്ളുന്ന പത്രവാര്‍ത്തയും 2022-ല്‍ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന വാര്‍ത്തയും തരൂര്‍ ടാഗ് ചെയ്തു. മോദിയെ 'പ്രഥം സേവക്' എന്ന് അനുയായികള്‍ സംബോധന ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും തരൂര്‍ ട്വീറ്റിലൂടെ പരിഹസിച്ചു.
Content Highlights: Sad To See Health Minister Occupy Alternative Reality Shashi Tharoor On Covid Surge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..