ചെന്നൈ: ലോകത്തെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് അറിയാത്തതില്‍ തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ തമിഴ്ഭാഷാ ചീട്ടിറക്കി അമിത് ഷായും. വിലുപ്പുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ തമിഴ് ഭാഷയെക്കുറിച്ച് വാചാലനായത്. പഴക്കമേറിയതും മധുരമേറിയതുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്.
'രാജ്യത്തെ പഴക്കമേറിയ, മധുരമേറിയ തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു', അമിത് ഷാ പറഞ്ഞു. തമിഴ് പഠിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ന് മന് കി ബാത്തില്‍ പറഞ്ഞിരുന്നു.
തമിഴ് ജനതയ്ക്ക് തങ്ങളുടെ ഭാഷയോടും സംസ്കാരത്തോടുമുളള വികാരവായ്പിനെ മനസ്സിലാക്കിയാണ് ബിജെപി നേതാക്കള്‍ ഒന്നാകെ തമിഴ്ഭാഷയെ പുകഴ്ത്തി രംഗത്തെത്തിയത്. നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്പിക്കാനുളള ബിജെപിയുടെ ശ്രമം വിമര്‍ശിക്കപ്പെട്ടിരുന്നു. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായുളള കേന്ദ്രത്തിന്റെ ത്രിഭാഷ ഫോര്‍മുല കേന്ദ്രം പുറത്തുവിട്ടതോടെയാണ് ഭാഷാപ്രശ്നം ഉയര്‍ന്നുവരുന്നത്.
എ.ഐ.എ.ഡി.എം.കെയും എന്‍ഡിഎയും ദരിദ്രരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറുവശത്തുളള കോണ്‍ഗ്രസും ഡിഎംകെയും അഴിമതിയെ കുറിച്ചും ഭിന്നിപ്പിച്ചുഭരിക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സോണിയാജി 'രാഹുല്‍ ബാബ'യെ പ്രധാനമന്ത്രിയാക്കുന്നതിനെ കുറിച്ചും സ്റ്റാലിന് ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ചും ആലോചിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
Content Highlights: sad that I cannot talk to you in Tamil says Amit Shah