സുഖ്ബീർ സിങ് ബാദൽ | ഫോട്ടോ:എ.എഫ്.പി
ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യം വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യുമായി സഖ്യമുണ്ടാക്കിയാണ് ശിരോമണി അകാലിദള്‍ (എസ്എഡി) ജനവിധി തേടുന്നത്. ' പഞ്ചാബികള്‍ക്ക് ഞാന്‍ ഉറപ്പ് നല്കുന്നു. 2022 ല്‍ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ഉടന്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ വീരമൃത്യു വരിച്ചവരെ എസ്എഡി - ബിഎസ്പി സഖ്യം ആദരിക്കും. അവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. അവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ബിരുദാനന്തര ബിരുദ തലംവരെ സൗജന്യം വിഭ്യാഭ്യാസം നല്‍കും. അവരുടെ കുടുംബത്തിന് മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും' - ബാദല്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഏഴ് മാസമായി പ്രക്ഷോഭം നടത്തുകയാണെന്ന് ട്വിറ്ററില്‍ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തില്‍ ബാദല്‍ പറഞ്ഞു. 550 ല്‍ അധികം കര്‍ഷകര്‍ക്കാണ് പ്രക്ഷോഭത്തിനിടെ ജീവന് നഷ്ടപ്പെട്ടത്. പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പഞ്ചാബ്, ഹരിയാണ, യുപി സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങിയത്. അവ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു.
Content Highlights: SAD promises govt. job to kin of farmers who died during agitation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..