ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ ഘടകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. നിര്‍ബന്ധബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എസ്എഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്എഡി പ്രതിനിധി സംഘം രാഷ്ട്രപതിക്ക് വിശദമായ നിവേദനവും നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് സെപ്റ്റംബര്‍ 17-ന് രാജിവച്ചിരുന്നു.
അതിനിടെ, കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ജനാധ്യപത്യത്തെ കശാപ്പു ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയതെന്ന് കത്തില്‍ ആരോപിക്കുന്നു. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെക്കാതെ തിരിച്ചയയ്ക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, എന്‍സിപി, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയവയാണ് കത്തയച്ചത്.
Content Highlights: SAD leaders meet Prez, urge to withhold assent to farm Bills