ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയില്‍നിന്നുള്ള പുറത്താക്കല്‍ നാടകം തുടരുന്നു. ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പഴനിസാമി അടക്കമുള്ളവരെ പുറത്താക്കിയതായി എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ അറിയിച്ചു. 

വെള്ളിയാഴ്ച രാവിലെയാണ് ശശികലയെയും ടിടിവി ദിനകരന്‍, എസ്. വെങ്കടേഷ് എന്നിവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പഴനിസാമി, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ, മന്ത്രിമാരായ ഡിണ്ടിഗല്‍ സി. ശ്രീനിവാസന്‍, പി. തങ്കമണി, സി.വി. ഷണ്‍മുഖം, കെ. രാജു, ആര്‍.ബി. ഉദയകുമാര്‍, രാജ്യസഭാ എം.പി എ. നവനീതകൃഷ്ണന്‍ എന്നിവരെയും പുറത്താക്കി.

പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുകയും ചെയ്തതിനാണ് ഇവരെ പുറത്താക്കുന്നതെന്ന് മധുസൂധനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ശശികല. അതുകൊണ്ടാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അവരെ പുറത്താക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ടി.ടി.വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഇ മധുസൂദനന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന പ്രകാരം അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പഴനിസാമി നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്. 

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് വോട്ടുചെയ്യാനാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ തീരുമാനം. മൈലാപ്പുര്‍ എം.എല്‍.എ എം നടരാജന്‍ പനീര്‍ശെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം പഴനിസാമിക്ക് അനുകൂലമായി വോട്ടുചെയ്യില്ലെന്നാണ് സൂചന. 

അതിനിടെ, അമ്മയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുവേണം നാളെ വിശ്വാസ വോട്ട് ചെയ്യാനെന്ന് ഒ.പനീര്‍ശെല്‍വം പറഞ്ഞു. തമിഴ് രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച കടന്നുവരാതിരിക്കാനാണ് തന്റെ അവസാന ശ്വാസം വരെ അമ്മ ശ്രമച്ചിരുന്നത്. ചിന്തിച്ചുവേണം നാളെ വോട്ട് ചെയ്യാന്‍. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യരുതെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

ഡിഎംകെ പഴനിസാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ചെയര്‍മാന്‍ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ടു ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് പഴനിസാമി സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ തീരുമാനിച്ചത്.

ആകെയുള്ള 234 സീറ്റുകളില്‍ എഐഡിഎംകെയ്ക്ക് 135 എംഎല്‍എമാരാണുള്ളത്. ഇതില്‍ 123 പേര്‍ ശശികലയോടൊപ്പവും 11 പേര്‍ പനീര്‍ശെല്‍വത്തോടൊപ്പവുമാണുള്ളത്. ഡിഎംകെയ്ക്ക് 89, കോണ്‍ഗ്രസിന് 8, ഐയുഎംഎലിന് ഒന്ന് എന്നിങ്ങനെയാണ് ബാക്കി എംഎല്‍എമാര്‍. ജയലളിതയുടെ മരണത്തോടെ ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 സീറ്റുകളാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്.