തേജസ്വി സൂര്യ അമിത് ഷായെ കണ്ടപ്പോൾ |Photo: twitter.com|Tejasvi Surya
ബെംഗളൂരു: ബെംഗളൂരു ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോര്‍ച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമര്‍ശം വിവാദത്തിൽ. കര്‍ണാടകയും ബെംഗളൂരുവും ബിജെപി തന്നെയാണ് ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് തേജസ്വിയെ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നാവശ്യപ്പെട്ടു.
'ബിജെപി അദ്ദേഹത്തെ പുറത്താക്കണം. അദ്ദേഹം ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണ്' കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ തേജസ്വി സൂര്യക്ക് പിന്തുണ നല്കി.'കുറച്ച് വര്‍ഷങ്ങളായി ഇവിടെ എന്‍.ഐ.എ വേണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അഭിനന്ദനങ്ങള്‍' യെദ്യൂരപ്പ പറഞ്ഞു. ബെംഗളൂരുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ഈ അര്‍ത്ഥത്തിലാണ് തേജസ്വി സൂര്യയുടെ പരാമര്‍ശമെന്നും യെദ്യൂരപ്പ ന്യായീകരിച്ചു.
യുവമോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് തേജസ്വി സൂര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ സിലിക്കന്‍ വാലി ബെംഗളൂരു ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തിയ തീവ്രവാദ സ്ലീപ്പര്‍ സെല്ലുകളും അറസ്റ്റുകളും ഇതിന് തെളിവാണെന്നും അദ്ദേഹം പറയുകയുണ്ടായി. അടുത്തിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തേയും അദ്ദേഹം ഉദ്ധരിച്ചു.
ബെംഗളൂരുവില്‍ എന്‍ഐഎയുടെ സ്ഥിരം ഡിവിഷന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് തേജസ്വി സൂര്യ ആഭ്യന്തര മന്ത്രി അമിത് ഷായെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അമിത് ഷാ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..