-
ജയ്പുർ: കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി. ഗൂഢാലോചനയില്‍ സച്ചിന് പൈലറ്റും ഭാഗഭാക്കായെന്ന ആരോപണവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഉപ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സച്ചിന് പൈലറ്റിനെ നീക്കിയ കോൺഗ്രസ്സ് നടപടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
"ഇത്തരമൊരു തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിര്‍ബന്ധിതരാവുകയായിരുന്നു. കാരണം കഴിഞ്ഞ കുറെക്കാലമായി ബി.ജെ.പി. ഗൂഢാലോചനയും കുതിരക്കച്ചവടവും നടത്തുന്നു. ഇതൊരു വലിയ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ക്കറിയാം. ഇതുമൂലം ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ വഴിതെറ്റി ഡല്‍ഹിയിലേക്കു പോയി." അശോക് ഗെഹ്ലോട്ട് പറഞ്ഞു. മാത്രവുമല്ല സച്ചിന് പൈലറ്റ് ഈ ഗൂഢാലോചനയില്‍ ഭാഗഭാക്കായിരുന്നെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
"സച്ചിന് പൈലറ്റിന്റെ കൈയ്യിലല്ല കാര്യങ്ങളൊന്നും തന്നെ. ബി.ജെ.പിയാണ് കളിക്കുന്നത്. റിസോര്‍ട്ട് തരപ്പെടുത്തിയത് തന്നെ ബി.ജെ.പിയാണ്. അവരാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. മധ്യപ്രദേശില്‍ കളിച്ച അതേ ടീമാണ് ഇവിടെയും കളിക്കുന്നത്." ഗെഹ് ലോട്ട് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നും കോണ്‍ഗ്രസ് നീക്കിയിരുന്നു. സച്ചിന് അനുകൂലികളായ രണ്ട് മന്ത്രിമാരെയും പദവികളില്‍ നിന്ന് നീക്കി. മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. സച്ചിനെ മാറ്റി ഗോവിന്ദ് സിങ് ഡോട്സാരയെ പി.സി.സി. അധ്യക്ഷനായി നിയമിച്ചു.
ചൊവ്വാഴ്ച ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എം.എല്‍.എമാരും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം തവണയും സച്ചിന് പൈലറ്റും സംഘവും നിയമസഭാകക്ഷി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കുകയായിരുന്നു.
content highlights: Sachin Pilot was involved in BJP’s conspiracy against govt, says Ashok Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..