-
ജയ്പുര്‍: രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ കൂട്ട ശിശുമരണത്തെ ചൊല്ലി കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഭിന്നത. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനെതിരെ പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി.
'അക്കങ്ങളുടെ വല വിരിച്ചുകൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. മുന്‍കാലങ്ങളില്‍ എന്തുനടന്നു എന്നതിനെ കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതില്ല. ഇപ്പോള്‍ നടന്നതിന്റെ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്'.- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം. ആദ്യമായിട്ടാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് സ്വന്തം സര്‍ക്കാരിനെതിരെ ഇത്തരത്തിലൊരു വിമര്‍ശനമുയരുന്നത്.
'നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം നമുക്കാണ്. വസുന്ധര രാജയുടെ തെറ്റുകള്‍ക്കെതിരായിട്ടാണ് ആളുകള്‍ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കൂടുതല്‍ അനുകമ്പയോടെയുള്ളതും സൂക്ഷമതയോടെയുമാകണമെന്ന് ഞാന്‍ കരുതുന്നു. അധികാരത്തിലേറിയിട്ട് 13 മാസമായിട്ടും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്രയധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.'-സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കോട്ട ജെ.കെ.ലോണ്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയി.
Content Highlights: Sachin Pilot slams CM Ashok Gehlot over Kota infants' deaths, says can't escape responsibility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..