ജയ്പുര്‍: സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നതായുള്ള ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ അവകാശവാദം തള്ളി സച്ചിന്‍ പൈലറ്റ്. താന്‍ സച്ചിനുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമര്‍ശം. ഇതിനെ അതിരൂക്ഷമായി വിമര്‍ശിച്ച സച്ചിന്‍, തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും ബി.ജെ.പിയില്‍നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
 
'സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല', കോണ്‍ഗ്രസില്‍ സച്ചിന്‍ അസംതൃപ്തനാണെന്ന റീത്തയുടെ പരാമര്‍ശത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 25 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് റീത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. 

ഉത്തര്‍ പ്രദേശില്‍നിന്നുള്ള പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയിലേക്ക് ഇനിയാരാണ് പോകുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചയും സജീവമായി. ചര്‍ച്ചകളില്‍ സച്ചിന്‍ പൈലറ്റിന്റെ പേരും ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം അശോക് ഗെഹലോത്തുമായി കൊമ്പുകോര്‍ത്ത സച്ചിന്‍, പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

content highlights: sachin pilot refutes rita bahuguna joshy's claim that he is soon going to join bjp