-
ജയ്പുര്‍: രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിനായി സച്ചിന് പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ. ഗിരിരാജ് സിങ് മലിംഗ ആരോപിച്ചു. പൈലറ്റിന്റെ വാഗ്ദാനം താന്‍ നിരസിച്ചുവെന്നും ഇക്കാര്യം മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെ അറിയിച്ചുവെന്നും മലിംഗ അവകാശപ്പെട്ടു.
'അശോക് ഗെഹ്ലോത്തിനെതിരെ അണിനിരക്കുന്നതിനായിഎനിക്ക് സച്ചിന് പൈലററ് 35 കോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പണം വാഗ്ദാനംചെയ്തത്. കൂറുമാറാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.
സമാനമായ വാഗ്ദാനം ഡിസംബറിലും സച്ചിന് നടത്തി. ഞാന്‍ അത് നിരസിക്കുകയും അശോക് ഗെഹ് ലോതിനെ വിവരമറിയിക്കുകയും ചെയ്തു. പണത്തിന് വേണ്ടി ഈ തെറ്റായ കാര്യം ചെയ്യാനാകില്ല. പണം ഒരു പ്രശ്നമല്ലെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത് ചോദിച്ചോളൂ അത് ലഭിക്കുമെന്നുമാണ് സച്ചിന് പറഞ്ഞത്. 35 കോടിയോ അതില്‍ കൂടുതലോ, പക്ഷേ ഞാന്‍ പറഞ്ഞു അത് തെറ്റാണെന്ന്.' മലിംഗ പറയുന്നു
2009-ല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ ബിഎസ്പി എം.എല്‍.എമാരില്‍ ഒരാളാണ് മലിംഗ. 2013-ലും 2018-ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ധോല്‍പുരിലെ ബരി നിയോജകമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
സച്ചിന് പൈലറ്റ് കഴിഞ്ഞ ആറുമാസമായി ബി.ജെ.പി. പിന്തുണയോടെ ഗൂഢാലോചന നടത്തുന്നതായി അശോക് ഗെഹ്ലോത് ആരോപിച്ചു. സച്ചിനെ ഒന്നിനും കൊള്ളാത്ത വ്യക്തിയെന്നാണ് ഗെഹ് ലോത് വിശേഷിപ്പിച്ചത്.
Content Highlights:Sachin Pilot offered 35 crore to switch side says Giriraj Singh Malinga
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..