-
ജയ്പൂര്‍: അശോക് ഗെഹ്‌ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് സാധ്യത. ഇപ്പോഴത്തെ ധാരണ പ്രകാരം സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ് സൂചനയെങ്കിലും താനുമായി അത്ര നല്ല ബന്ധമുള്ള നേതാവല്ലാത്തതിനാല്‍ തന്നെ തന്റെ ഒപ്പമുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഗെഹ്‌ലോത് അവസാന നിമിഷവും തുടരുന്നതായാണ് സൂചന.
പി.സി ജോഷി ഉള്‍പ്പെടെയുള്ള തന്റെ വിശ്വസ്തരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്‌ലോത് മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബം ഇതിന് വഴങ്ങിയിട്ടില്ല. വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ ഇന്ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ കക്ഷിയോഗത്തില്‍ അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗെഹ്‌ലോത് ഒഴിയുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റിന്റെ പേരാകും ഉയരുക. എന്നാല്‍ യോഗത്തില്‍ ഇതിനെ ഗെഹ്‌ലോത് പക്ഷം എതിര്‍ക്കുമോ എന്നതാണ് അറിയാനുള്ളത്.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഗെഹ്‌ലോത് മത്സരിക്കുന്നതിനാല്‍ തന്നെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലാതെ വിജയിക്കാനാകില്ല. ഈ ഘട്ടത്തില്‍ ഗാന്ധി കുടുംബം സച്ചിനായി വാദിക്കുമ്പോള്‍ അതില്‍ ഒരു എതിര്‍പ്പുമായി ഗെഹ്‌ലോത് പക്ഷം മുന്നോട്ടുവരാനുള്ള സാധ്യത വിരളമാണ്. രാജസ്ഥാനിലെ എംഎല്‍എ മാരുടെ പൊതുവികാരം സച്ചിന് എതിരാണെന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനാകും സാധ്യത.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മന്ത്രിമാരും എംഎല്‍എമാരും സച്ചിന്‍ പൈലറ്റുമായി അടുപ്പം കാണിക്കുന്നുണ്ട്. ഇത് സ്വാഭാവിക നേതൃമാറ്റത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നാണ് വിലിയിരുത്തല്‍. 2018-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പിസിസി അധ്യക്ഷനായ പൈലറ്റ് നേരിട്ട് ഇടപെട്ടാണ് പാര്‍ട്ടി സംവിധാനത്തെ മുന്നോട്ട് ചലിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ഒരു ഘട്ടത്തില്‍ ഗെഹ്‌ലോതുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സച്ചിനെ അനുനയിപ്പിച്ച് തിരികെ എത്തിക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ പല ഘട്ടത്തിലും പൈലറ്റിന് നേരെ അശോക് ഗെഹ്‌ലോത് ഒളിയമ്പ് പ്രയോഗിച്ചിരുന്നു. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കിലും ഇരു നേതാക്കളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തില്‍ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: sachin pilot, ashok gehlot, rajasthan, congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..