സച്ചിൻ പൈലറ്റ് |ഫോട്ടോ:PTI
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിയുന്നില്ല. മുഖ്യമന്ത്രി അശോക് ഗഹലോത്തിനേയും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും വിളിച്ച് വരുത്തി ഒരുമിച്ച് ഫോട്ടോ എടുത്ത് ഹൈക്കമാന്‍ഡ് ഒരാഴ്ച മുമ്പ് തിരിച്ചയച്ചെങ്കിലും പാര്‍ട്ടിയിലെ പിരിമുറക്കം തുടരുകയാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റ് പുതിയ നീക്കം നടത്തുകയാണ്. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് സച്ചിന്‍ പൈലറ്റെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരില്‍നിന്ന് ലഭിക്കുന്ന സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമദിനമായ ജൂണ്‍ 11-ന് സച്ചിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരിലോ പ്രജാതന്ത്ര കോണ്‍ഗ്രസ് എന്ന പേരിലോ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം സച്ചിന്‍ നടത്തിയേക്കുമെന്നാണ് അഭ്യൂഹം.
2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ അശോക് ഗഹലോത്തുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ പുതിയ നീക്കം രാജസ്ഥാന്‍ രാഷ്ട്രീയത്തെ പുതിയ വഴിത്തിരിവിലെത്തിക്കുമെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ക്ഷേത്രസന്ദര്‍ശനങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ദൗസയിലോ ജയ്പുരിലെ വെച്ചായിരിക്കും പൈലറ്റിന്റെ നിര്‍ണായക പ്രഖ്യാപനം. രാജേഷ് പൈലറ്റിന്റെ ചരമദിനത്തോടനുബന്ധിച്ച് ജൂണ്‍ 11-ന് ദൗസയില്‍ സച്ചിന്‍ ഒരു റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതോടെ എത്ര കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നതും ഗഹലോത്ത് സര്‍ക്കാരിനെ ഇത് എങ്ങനെ ബാധിക്കുമെന്നതുമാകും രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 2020-ല്‍ ഗഹലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് നടത്തിയ പരസ്യമായ വിമതനീക്കത്തില്‍ 30 എം.എല്‍.എമാരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 19 എം.എല്‍.എമാരായിരുന്നു കൂടെ നിന്നത്. ഈ വിമതനീക്കത്തോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും നഷ്ടമായത്.
തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞമുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗഹലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് പ്രക്ഷോഭം ആരംഭിച്ചിരുന്നു. അജ്മിര്‍ മുതല്‍ ജയ്പുര്‍ വരെ 125 കിലോ മീറ്റര്‍ പദയാത്രയും നടത്തി. ശേഷം അഴിമതി ആരോപണങ്ങളില്‍ മെയ് 31-നകം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗഹലോത്ത് സര്‍ക്കാരിന് അന്ത്യശാസനവും നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരാഴ്ച മുമ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. നാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുനേതാക്കളേയും ഒരുമിച്ച് നിര്‍ത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlights: Sachin Pilot defiant, plans mega rally in Dausa on father’s death anniversary on June 11


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..