ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും.
വിശാല ബെഞ്ചിന് മുമ്പാകെ ഏഴ് വിഷയങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചു.
1- മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?
2-മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്?
3-മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമാണോ?
4- മതാനുഷ്ടാനങ്ങളില്‍ എന്താണ് ധാര്‍മ്മികത?
5-മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത എന്താണ്?
6-ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം 'ഹിന്ദുക്കളിലെ ഒരു വിഭാഗം' എന്നതിന്റെ അര്‍ത്ഥം എന്താണ്?
7-ഒരു മതവിഭാഗത്തിലും പെടാത്ത ഒരാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമോ?
ശബരിമല വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ അതിലുയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ വിശാലബെഞ്ചിനു വിടാനാവില്ലെന്നുമായിരുന്നു ഫെബ്രുവരി ആറിന് കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചത്. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, നഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍,സുഭാഷ് റെഡ്ഡി, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍.
Content Highlights: Sabrimala larger bench even in review jurisdiction- Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..