ന്യൂഡല്‍ഹി: ശബരിമല കേസില്‍ നിര്‍ണായക നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഏഴ് പരിഗണനാ വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നതിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാടുകള്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കും.
പരിഗണനാ വിഷയങ്ങള്‍ ഇവയാണ്....
- ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ വ്യാപ്തി എന്താണ്?
- മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശവും മതവിഭാഗത്തിന്റെ അവകാശവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം മതവിഭാഗത്തിനുള്ള അവകാശം ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവ ഒഴികെയുള്ള വകുപ്പുകള്‍ക്ക് വിധേയമാണോ?
- മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശം, മതവിഭാഗത്തിന്റെ അവകാശം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ക്ക് കീഴില്‍ 'ധാര്‍മികത' എന്ന വാക്കിന് എത്രത്തോളം വ്യാപ്തിയുണ്ട്?
- മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം?
- ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദത്തില്‍ പറയുന്ന ഹിന്ദുക്കളിലെ വിഭാഗം എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണ്?
- ഒരു മതവിഭാഗത്തിന്റെയോ വിശ്വാസിസമൂഹത്തിന്റെയോ ആചാരങ്ങളെ അതിന് പുറത്തുനിന്നുള്ള വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജിവഴി ചോദ്യംചെയ്യാമോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..