കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫെയ്സ്ബുക്ക് പേജില്‍ പരാതി പ്രളയം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെയാണ് പരാതികള്‍. രാഷ്ട്രപതിയുടെ വിവിധ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റുകളായാണ് പരാതികള്‍. 

സുപ്രീം കോടതി വിധി വിശ്വാസികളായ തങ്ങളെ ഏറെ വേദനിപ്പിക്കുന്നതായും ശബരിമലയെയും ആചാരങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതികള്‍ ഏറെയും. ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വിധി കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുമെന്നും കമന്റുകളില്‍ ആരോപിക്കുന്നു. 

അവിശ്വാസികളായ ഒരു വിഭാഗത്തിനാണ് സുപ്രീം കോടതിയുടെ വിധി ഗുണകരമാകുകകയെന്നും നിയമത്തിന്റെ പേരില്‍ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി സ്ത്രീകളും കമന്റുകള്‍ ഇട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് രാഷ്ട്രപതി ഈ വിഷയത്തില്‍ ഇടപെടണമെന്നും വിധി നടപ്പാക്കുന്നത് തടയണമെന്നുമാണ് ആവശ്യം. 

President

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷക്കണമെന്നാവശ്യപ്പെടുന്നുണ്ട്. മലയാളികളെ കൂടാതെ തമിഴരും തെലുങ്കരുമായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടും നിരവധി പേര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ പല പോസ്റ്റുകള്‍ക്കും അടിയില്‍ ആയിരക്കണക്കിന് കമന്റുകളാണ് ഇപ്രകാരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില പോസ്റ്റുകളില്‍ ലക്ഷത്തിലധികം കമന്റുകളും ഉണ്ട്. അതേസമയം, രാഷ്ട്രപതിയുടെ പഴയ പോസ്റ്റുകള്‍ പലതിനും നൂറില്‍ താഴെ കമന്റുകള്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. 

pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലും ആയിരക്കണക്കിന് കമന്റുകളുണ്ട്. കൂടാതെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവരുടെയെല്ലാം ഫെയ്സ്ബുക്ക് പേജിലും മലയാളികളുടെ പരാതികളുണ്ട്. എന്നാല്‍ താരതമ്യേന കുറവാണെന്നു മാത്രം. ഇവയിലും ആവശ്യങ്ങള്‍ മേല്‍പറഞ്ഞവ തന്നെ.

Content Highlights: sabarimala women's entry, complaints on President's facebook page, Supreme Court verdict