ന്യൂഡല്‍ഹി: ശബരില യുവതി പ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി. ഒമ്പതംഗ വിശാല ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതേസമയം യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി. 

പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. 

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. 

ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം. 

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്ന് കോടതിയില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ഈ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന സമയത്ത് വാദങ്ങള്‍ കേള്‍ക്കാമെന്നും കോടതി നിലപാടെടുത്തു. ശബരിമല പുനഃുപരിശോധനാ ഹര്‍ജികളിലാണ് ആദ്യം തീരുമാനമുണ്ടാകേണ്ടതെന്നാണ് കോടതി പറഞ്ഞത്. 

എന്തുകൊണ്ടാണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്നും ശിരൂര്‍ മഠം കേസിലെ വിധി പുനഃപരിശോധിക്കാനാണ് എന്ന നിഗമനമാണ് തനിക്കുള്ളതെന്നും അഭിഭാഷകരായ ഇന്ദിരാ ജെയ്‌സിങ് ചൂണ്ടിക്കാട്ടി. ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണെന്നും അവര്‍ പറഞ്ഞു. 

മാത്രമല്ല ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും ഇന്ദിരാ ജെയ്‌സിങ് ചൂണ്ടിക്കാട്ടി. 

അതിനിടെ കേസില്‍ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി പരിഗണിച്ചു.  അതിനിടെ ശബരിമല കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. 

Content Highlights: Sabarimala Women Entry, won't hear review petition at this time says supreme court