ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ച് പരിഗണനാ വിഷയങ്ങള്‍ ഉടന്‍ തയ്യാറാക്കില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാലബെഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം. ഇക്കാര്യത്തില്‍ നാളെ  വാദം നടക്കും. ഈയൊരു കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയതിന് ശേഷമെ പരിഗണനാ വിഷയങ്ങളില്‍ തീരുമാനമുണ്ടാകു.

സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന് വിടാന്‍ അഞ്ചംഗ ബെഞ്ചിന് കഴിയുമോ എന്ന ചോദ്യത്തിലാണ് നാളെ കോടതി വാദം കേള്‍ക്കുക. 

വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് വിഷയം വിശാല ബെഞ്ചിന് വിട്ടതില്‍ പ്രാഥമിക വാദം നടത്തണമെന്ന് ഫാലി എസ് നരിമാന്‍, കപില്‍ സിബല്‍, ഇന്ദിരാ ജെയ്‌സിങ് തുടങ്ങിയവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ നീട്ടിവെക്കാന്‍ കോടതിക്ക് അധികാരമില്ല, അതുപോലെ തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ കഴിയില്ല തുടങ്ങിയവയാണ് ഇവര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന വാദം. 

എന്നാല്‍ മറ്റ് പരിഗണനാ വിഷയങ്ങള്‍ക്കൊപ്പം ഇതും പരിഗണിക്കാം എന്നാണ് ആദ്യം ഈ വിഷയം ഉന്നയിച്ച സമയത്ത് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം നാളെ ഈ വിഷയത്തില്‍ മാത്രമാണ് വാദം നടക്കുക. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടായതിന് ശേഷമെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുള്ളു. 

അഭിഭാഷകര്‍ ഉന്നയിച്ച വാദത്തോട് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് യോജിക്കുകയാണെങ്കില്‍ മറ്റ് വിഷയങ്ങല്‍ ബെഞ്ച് പരിഗണിക്കുകയില്ല. അങ്ങനെയെങ്കില്‍ വീണ്ടു അഞ്ചംഗ ബെഞ്ച് ചേര്‍ന്ന് നേരത്തെ വന്ന പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കും. 

ഒമ്പതംഗ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം അതിന്റെ പശ്ചാത്തലത്തില്‍ ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുക എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഒമ്പതംഗ ബെഞ്ചിന് രൂപീകരണം തന്നെ കോടതി പരിശോധിക്കുന്നുവെന്നതാണ് കേസില്‍ നിര്‍ണായകമാകുന്നത്. 

നാളെ നടക്കുന്ന വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍, മുതിര്‍ന്ന അഭിഭാഷകരായ കെ. പരാശരന്‍, വി.ഗിരി എന്നിവര്‍ കപില്‍ സിബല്‍, ഫാലി എസ് നരിമാന്‍, ഇന്ദിരാ ജെയ്‌സിങ് എന്നിവരുടെ വാദത്തെ ശക്തമായി എതിര്‍ക്കുമെന്നാണ് വിവരം.

Content Highlights: Sabarimala Women Entry; the Supreme Court is examining the pleas left to the bench