ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ ഹര്‍ജികള്‍ പരിഗണിക്കും.നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് റെജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയുടെ ഏഴ് അംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറയുന്നു.

വിധി നടപ്പിലാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ അഞ്ചംഗ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. അതിനാല്‍ ആറ് പേപ്പര്‍ ബുക്കുകളാണ് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തില്‍ നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് റെജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കി. ജനുവരി മൂന്നാം വാരം കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നിര്‍ദ്ദേശം പോയിട്ടുണ്ടെന്നാണ് വിവരം. 

ചീഫ് ജസ്റ്റിസ് ഇതുവരെയും ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യ വാരം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ഭാഗമാകും. വിഷയം അടിയന്തരമായി പരിഗണിക്കുമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ വാദം കേട്ടുതുടങ്ങിയാല്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന 2021 ഏപ്രില്‍ 23 ന് മുമ്പായി കേസില്‍ അന്തിമ വിധി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Content Highlights: Sabarimala Women Entry, 7 member Constitution bench will hear review petitions from January