ന്യൂഡല്‍ഹി: ശബരിമല വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളില്‍ അഭിപ്രായ സമവായം ഉണ്ടായില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് 10 ദിവസം മാത്രമേ വാദം കേള്‍ക്കുകയുള്ളു എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഒന്‍പത് അംഗ ബെഞ്ചിന്റെ പരിഗണന വിഷയത്തിന്റെ കരട് തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 ചോദ്യങ്ങള്‍ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരട് അഭിഭാഷകരുടെ യോഗം തയ്യാര്‍ ആക്കിയിരുന്നു. അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളുടെ കരട് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
ഏതൊക്കെ വിഷയത്തിലാണ് അഭിപ്രായ ഐക്യം ഉണ്ടാകാത്തത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകര്‍ ആയ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ് സിങ് തുടങ്ങിയര്‍ ഉള്‍പ്പടെ നിരവധി അഭിഭാഷകരുമായി ചര്‍ച്ച ചെയ്താണ് കരടിന് സീനിയര്‍ അഭിഭാഷകന് വി.ഗിരി രൂപം നല്‍കിയിരിക്കുന്നത്.
ഒന്‍പത് അംഗ ബെഞ്ചിന്റെ മുമ്പാകെ വാദം പൂര്‍ത്തിയാക്കാന്‍ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും അഭിഭാഷകരുടെ യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ പത്ത് ദിവസത്തിലധികം ഒന്‍പത് അംഗ ബെഞ്ച് വാദം കേള്‍ക്കില്ല എന്നും ചീഫ് ജസ്റ്റിസ് ഇന്ന് അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉള്ള വാദം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന് ആകും ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കുക. എന്‍ എസ് എസ്സിന് വേണ്ടി ആണ് പരാശരന് ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജര്‍ ആകും. ഭരണഘടന ബെഞ്ചിന് മുമ്പാകെ സ്വന്തം നിലപാട് അറിയിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഫാലി എസ് നരിമാന് കുറിപ്പ് കൈമാറിയിരുന്നു. രണ്ട് ദിവസം ആണ് വാദിക്കാനുള്ള താത്പര്യമായി നരിമാന് അറിയിച്ചിരിക്കുന്നത്.
Content Highlights: Sabarimala -SG Urges SC To Consider Re-Framing The Issues As Lawyers Could Not Reach Consensus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..