Supreme Court
ന്യുഡല്‍ഹി: ശബരിമല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാനില്‍ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി. വന്യമൃഗ സംരക്ഷണം മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ ശബരിമലയില്‍ വനം, പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഹൈക്കോടതി അനുമതി നല്‍കുന്നതായി ഉന്നതാധികാര സമിതി സെക്രട്ടറി കെ.അമര്‍നാഥ് ഷെട്ടി സുപ്രീംകോടതിയില്‍ ആരോപിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.ആര്‍.ഗവായ് ആണ് ശബരിമല വികസനത്തില്‍ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെട്ടത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി കെ.പരമേശ്വര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ശബരിമല വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും, ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി. ഈ മൂന്ന് സംവിധാനങ്ങളും ഉളള സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.
ഇതിനിടയിലാണ് കോടതിയില്‍ ഹാജരായിരുന്ന സുപ്രീം കോടതിയില്‍ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി സെക്രട്ടറി കെ.അമര്‍നാഥ് ഷെട്ടി ഹൈക്കോടതി ഇടപെടലിനെ വിമര്‍ശിച്ചത്. ചട്ടങ്ങള്‍ മറികടന്നാണ് ഹൈക്കോടതി ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന് ആരോപിച്ചു. ഹൈക്കോടതിയുടെ വിധികളില്‍ തെറ്റുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ പി എസ് സുധീറും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ശങ്കറും ഹാജരായി.
Content Highlights: Sabarimala, not only wildlife conservation, but also people's sentiments-sc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..