ന്യൂഡല്‍ഹി:  ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനെതിരായ ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ ഉയരുകയാണെന്ന് കത്തില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിസംബര്‍ 22 നാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട നാല് പിഴവുകള്‍ നീക്കാന്‍ സുപ്രീം കോടതി രജിസ്ട്രി സംസ്ഥാന സര്‍ക്കാരിനോട് തൊട്ടടുത്ത ദിവസം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പിഴവുകള്‍ നീക്കിയെങ്കിലും ക്രിസ്തുമസ്, പുതുവത്സര അവധികളെ തുടര്‍ന്ന് രജിസ്ട്രി പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ ഹര്‍ജി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിഫലമായി. 

ജനുവരി അഞ്ചാം തീയതിയാണ് രജിസ്ട്രി കേരളത്തിന്റെ ഹര്‍ജിക്ക് നമ്പര്‍ നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. മകര വിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല നട തുറന്ന ഡിസംബര്‍ 30 മുതല്‍ പ്രതിദിനം 5000 ഭക്തരെ സന്നിധാനത്തിലേക്ക് കടത്തിവിടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അടിയന്തരമായി കേള്‍ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 

ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകള്‍ എന്നിവരാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. ശബരിമലയില്‍ ഇതിനോടകം തന്നെ പോലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണ്.  കോവിഡ് വൈറസ്‌ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടില്ല. അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് കേരളം ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

Content Highlight: Sabarimala:  Kerala wants immediate hearing on petition against increase in daily number of devotees