ന്യൂഡല്‍ഹി:  ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

രാവിലെ 10.30നാണ് സുപ്രധാനമായ കേസില്‍ സുപ്രീംകോടതി വാദം തുടങ്ങിയത്. എഴ് വിഷയങ്ങളാണ് പരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. 

1954-ല്‍ ഷിരൂര്‍ മഠം കേസില്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കോടതി പുനഃപരിശോധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വാദം എത്രദിവസം നീണ്ടുനില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്നോ വ്യക്തമല്ല. വിഷയങ്ങള്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നതാണെങ്കിലും മറ്റ് മതവിഭാഗങ്ങളേക്കൂടി ബാധിക്കുന്നതാകയാല്‍ കൂടുതല്‍ കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായേക്കും.   

കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരാകും ഹാജരാകുക. 

സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് ഇരിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19 ന് മുമ്പ്  കേസില്‍ വിധി ഉണ്ടായേക്കും.

മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോ? ശബരിമല ഹര്‍ജികളില്‍ നിര്‍ണായക വാദം ഇന്ന് തുടങ്ങും

Content JHighlights: Sabarimala cases, Supreme court starts hearing today