മുംബൈ: ലഖിംപുര്‍ ഖേരി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ വാനോളം പുകഴ്ത്തിയും ശിവസേന മുഖപത്രം സാമ്‌ന. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമ്‌നയുടെ മുഖപ്രസംഗം. പ്രിയങ്കയെ യോദ്ധാവെന്നും പോരാളിയെന്നുമാണാ സാമ്‌ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ടെന്നും സാമ്‌ന പറയുന്നു.

അതേസമയം ലഖിംപുര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമ്‌ന നടത്തിയത്. ബി.ജെ.പിയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായാണ് ശിവസേന താരതമ്യപ്പെടുത്തിയത്. കര്‍ഷകര്‍ പറയുന്നത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് സാമ്‌ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കര്‍ഷകരെ നിശ്ശബ്ദരാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും സാമ്‌ന പറയുന്നു.

ചിലപ്പോള്‍, പ്രിയങ്കയായിരിക്കും രാഷ്ട്രീയ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാല്‍ അവരെ അനധികൃതമായി തടങ്കലില്‍വെച്ചവര്‍ ഒന്നോര്‍ക്കുക. അവര്‍, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണെന്നും സാമ്‌ന പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ എന്നും സാമ്‌ന ആരോപിച്ചു. 

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് അല്ലെങ്കില്‍ കേരളം എന്നിവിടങ്ങളില്‍ എവിടെങ്കിലുമാണ് ലഖിംപുര്‍ സംഭവം നടന്നിരുന്നതെങ്കില്‍ ബി.ജെ.പി. ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും സാമ്‌ന വിമര്‍ശിക്കുന്നു.  

content highlights: saamana praises priyanka gandhi and criticises bjp ove lakhimpur issue