എസ്.ജയശങ്കർ. ഫോട്ടോ എ.പി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ബിസിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെന്ററിയെന്നും ഇത് പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കെയാണ് മോദിക്കെതിരായ ഡോക്യുമെന്ററി യാദൃശ്ചികമല്ലെന്ന ജയശങ്കറിന്റെ പ്രതികരണം.
രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറയില്‍ കളിച്ച മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിതെന്ന് വിമര്‍ശിച്ച ജയശങ്കര്‍, ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരണമെന്ന വെല്ലുവിളിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിനകത്തുനിന്നല്ല പുറത്തുനിന്നാണ് ആവിര്‍ഭവിക്കുന്നതെന്നും ഇന്ത്യാവിരുദ്ധ അജണ്ടകളുടെ ഭാഗമാണിതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്‌ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുവെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.
'1984-ല്‍ ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ നടന്നു. എന്തുകൊണ്ട് അതിലൊന്നും ഡോക്യുമെന്ററി കണ്ടില്ല? ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം ആകസ്മികമാണെന്ന് കരുതുന്നുണ്ടോ? ഞാന്‍ ഒരുകാര്യം പറയാം, ഇന്ത്യയിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്ന് ഉറപ്പാണ്', ജയശങ്കര്‍ പറഞ്ഞു. 1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപം പരാമര്‍ശിച്ചായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം.
Content Highlights: s jayasankar comments in bbc documentary controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..