ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് കൊളംബോയിലെത്തി. അദ്ദേഹം പുതിയ പ്രസിഡന്റ് ഗോതാബായ രാജപക്സെയെ സന്ദര്‍ശിച്ചു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ഹ്രസ്വ സന്ദര്‍ശനമായിരുന്നു ജയ്ശങ്കറുടേതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജയ്ശങ്കര് കൊളംബോയിലെത്തിയത്. അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചുവരും. ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിച്ചു. നവംബര്‍ 29ന് രാജപക്സെ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമായിരിക്കും ഇത്.
ഞായറാഴ്ച മോദി രാജപക്സെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. വികസനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്പര്യം രാജപക്സെ പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
A warm meeting with Sri Lanka President @GotabayaR. Conveyed PM @narendramodi’s message of a partnership for shared peace, progress, prosperity & security. Confident that under his leadership, #IndiaSriLanka relations would reach greater heights. pic.twitter.com/pDxZf0ZM3A
— Dr. S. Jaishankar (@DrSJaishankar) November 19, 2019
ശനിയാഴ്ചയായിരുന്നു ശ്രീലങ്കയിലെ പ്രസിഡന്റ് വോട്ടെടുപ്പ് നടന്നത്. 52.25 ശതമാനം വോട്ടുകള്‍ നേടിയാണ് എതിരാളിയായ സജിത് പ്രേമദാസയെ പരാജയപ്പെടുത്തി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനാണ് ഗോതാബായ.
ഗോതാബായയുടെ വിജയം ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. മഹിന്ദ രാജപക്സെയ്ക്കും ഗോതാബായയ്ക്കും ചൈനയോടുള്ള ചായ്വാണ് ഇതിനു കാരണം. മഹിന്ദ രാജപക്സെ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യയുടെ അറിവില്ലാതെ ചൈനയുടെ രണ്ട് മുങ്ങിക്കപ്പലുകളെ ശ്രീലങ്കന്‍ തുറമുഖത്തു വിന്യസിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയിരുന്നു. ശ്രീലങ്കന്‍ തുറമുഖങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിനും ചൈന വായ്പ അനുവദിച്ച് കടക്കെണിയില്‍ കുരുക്കുകയും ഹംബന്‍ടോട്ട തുറമുഖം പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു.
Content Highlights: S Jaishankar's Visit to Sri Lanka, meets New President Gotabaya Rajapaksa