ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസ്സുകാരന്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. കഴുത്തിലുണ്ടായ മുറിവില്‍ നിന്നുള്ള അമിത രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

കത്തികൊണ്ട് ആക്രമിച്ച തരത്തില്‍ പ്രദ്യുമന്റെ കഴുത്തില്‍ രണ്ട് മുറിവുകളാണുള്ളത്. ഇതില്‍ ഒരു മുറിവ് കഴുത്തിലെ ഞരമ്പിനെ ഛേദിച്ച നിലയിലായിരുന്നു. ഇതാണ് കുട്ടിക്ക് സഹായത്തിനായി നിലവിളിക്കാന്‍ സാധിക്കാതിരുന്നത്, കുട്ടി ലൈഗീക പീഡനത്തിനിരയായെന്ന് തെളിയിക്കുന്ന തരത്തില്‍ യാതൊരു സൂചനകളും സ്‌കൂള്‍ യൂണിഫോമില്‍ നിന്നോ സംഭവസ്ഥലത്ത് നിന്നോ ലഭിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തില്‍ പാടുകളോ ശരീര ദ്രവങ്ങളുടെ സാന്നിധ്യമോ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ആക്രമണം നടന്ന് രണ്ട് മിനുട്ടിനുള്ളില്‍ തന്നെ കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയെ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. ഇത് പോലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം സംഭവത്തില്‍ കുറ്റാരോപിതനായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാള്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് വ്യക്തമായതായി കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബിരേം സിംങ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അശോകിനെ സ്‌കൂള്‍ ശൗചാലയത്തിന് പരിസരത്ത് കണ്ടതായി സ്‌കൂള്‍ കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശൗചാലയത്തില്‍ ഏഴുവയസ്സുകാരന്‍ പ്രധ്യുമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും തറയില്‍ ചോരപ്പാടുകളും കണ്ടെത്തി. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായിട്ടുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. 

സംഭവത്തിനു പിന്നാലെ സ്‌കൂളിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മാതാപിതാക്കളും ജനങ്ങളും അടങ്ങുന്ന സംഘം സ്‌കൂള്‍ തല്ലിത്തകര്‍ത്തു. പ്രതിഷേധം കുറയാത്ത പശ്ചാത്തലത്തില്‍ സ്‌കൂളില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ റയാന്‍ കേന്ദ്രത്തിനും ഹരിയാന സര്‍ക്കാറിനും സിബിഎസ്ഇക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രക്ഷിതാക്കളുടെ പരാതിയില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അധികൃതര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.