ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ പുറത്തുപോയതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3.32 ലക്ഷം കേസുകളും 2,263 മരണങ്ങളും രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഈ കൂടിക്കാഴ്ചയില്‍ ഡല്‍ഹിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചും മറ്റും കെജ്‌രിവാള്‍ മോദിയോട് വികാരാധീനനായാണ് സംസാരിച്ചിരുന്നത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധിയെക്കുറിച്ച് കെജ്‌രിവാള്‍ തുറന്നു സംസാരിച്ച വീഡിയോ പുറത്തായിരുന്നു. തുടര്‍ന്ന് അത് വലിയ വാര്‍ത്തയുമായി. രാഷ്ട്രീയം കളിക്കാനും നുണ പ്രചരിപ്പിക്കാനും കെജ്‌രിവാള്‍ വേദി ഉപയോഗിച്ചുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പിന്നാലെ ആരോപണവുമായി രംഗത്തു വന്നു. തുടര്‍ന്നായിരുന്നു കെജ്‌രിവാള്‍ മാപ്പ് പറഞ്ഞത്. 

രൂക്ഷമായ ഓക്‌സജിന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്നതെന്നും ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാവുമെന്നും കെജ്‌രിവാള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു.

എന്നാൽ സംഭാഷണം ലൈവായി കെജ്രിവാളിന്റെ ഓഫീസ് പുറത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകുകയായിരുന്നു. ഇൻഹൗസ് സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യുന്നത് പ്രോട്ടോക്കോൾ ലംഗനമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തുടർന്നായിരുന്നു കെജ്‌രിവാള്‍ മാപ്പ് പറഞ്ഞത്.

കൂടിക്കാഴ്ച സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അങ്ങനെ ചെയ്ത് കെജ്‌രിവാള്‍ താഴ്ന്ന നിലവാരത്തില്‍ പെരുമാറിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയുടെ വീഡിയോ ആദ്യമായാണ് പുറത്തുപോവുന്നത്. 

അദ്ദേഹത്തിന്റെ പ്രസംഗം ഒരു പരിഹാരത്തിനും വേണ്ടിയല്ല, രാഷ്ട്രീയം കളിക്കുന്നതിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും വേണ്ടിയാണ്..

ഓക്സിജന്‍ വിമാനമാര്‍ഗ്ഗം എത്തിക്കുന്ന കാര്യം കെജ്‌രിവാള്‍ ഉന്നയിച്ചതിനെയും കേന്ദ്രവൃത്തങ്ങള്‍ വിമര്‍ശിച്ചു.  അത് ഇതിനകം തന്നെ നടന്നു കഴിഞ്ഞ കാര്യമാണ്. ഡല്‍ഹി സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ കിടക്കകളും ഓക്‌സിജനും നല്‍കാന്‍ കേന്ദ്രം ശ്രമിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഒരു വാക്‌സിന്‍ ഡോസ് പോലും കേന്ദ്രം സൂക്ഷിക്കുന്നില്ലെന്നും സംസ്ഥാനങ്ങളുമായി മാത്രം പങ്കിടുകയാണെന്ന അറിഞ്ഞിട്ടും വാക്‌സിന്‍ വിലയില്‍ നുണ പ്രചരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.

content highlights: Arvind Kejriwal's Office Regrets over live telecast of inhouse meeting with PM